Wednesday, 11 July 2012

കാലചക്രം

''വീല്‍ചെയര്‍ ചക്രങ്ങള്‍ മുന്നോട്ടു
കുതിക്കുമ്പോള്‍ പിന്നോട്ടു പായുന്നത്
കാഴ്ചകള്‍ മാത്രമല്ല...
പിന്നിലേക്ക് ഓടി മറയുന്നത് കാലമാണ്..
ആയുസ്സിന്‍റെ പുസ്തകത്തിലെ ഓരോ
താളുകളാണ് പിന്നിലേക്കു മറിയുന്നത്..
ജീവിതത്തില്‍ ആടിതീര്‍ക്കേണ്ട വേഷങ്ങള്‍ക്കു
പൂര്‍ണ്ണത നല്‍കാന്‍ കഴിയാത്തവന്‍റെ
നിസ്സഹായത..
പ്രണയത്തിന്‍റെ നേര്‍ത്ത തലോടല്‍ കൊണ്ടു
നിര്‍ജ്ജീവ ജീവിതത്തെ നിറമുള്ളതാക്കാന്‍
കഴിയാത്തവന്‍റെ നെടുവീര്‍പ്പുകള്‍..
വര്‍ണാഭമായ ജീവിതത്തെ
തൊട്ടറിഞ്ഞാസ്വദിക്കാനവസരമില്ലാത്തവന്‍റെ
നഷ്ടബോധം...
ഇവയൊക്കെ തിരിച്ചറിയണമെങ്കില്‍, ,
ആദ്യം തിരിച്ചറിയേണ്ടത്,
കൂട്ടിലടയ്ക്കപ്പെട്ട
പക്ഷിയുടെ ഹൃദയവേദന തന്നെയല്ലേ...?

മരുന്നിന്‍റെ മണമുള്ള ആശുപത്രിക്കിടക്കയില്‍
ദിനങ്ങളെണ്ണി കഴിഞ്ഞ ഭൂതകാലം,
ഇന്നലെയും ഇന്നും തമ്മിലുള്ള
വ്യത്യാസമന്വേഷിച്ചു പരാജയമടഞ്ഞ
ദിനങ്ങള്‍...‍,‍
ജാലകപ്പാളികള്‍ തുറന്നാല്‍ കാണുന്നോരാ
ചതുരത്തിലൊതുങ്ങുമാകാശവും
മേഘജാലങ്ങളും പ്രകൃതിയുടെ പച്ചപ്പും
കണ്‍നിറയെ കണ്ടുകൊണ്ട്
പകല്‍ സൂര്യനെരിഞ്ഞു തീരുന്നു..
ഒടുവിലാ, രാത്രിനിലാവിന്‍റെ നീലിമയും
നേര്‍ത്ത മഞ്ഞിന്‍റെ സുഖസ്പര്‍ശവുമേറ്റു
കിനാക്കള്‍ കണ്ടുറങ്ങവേ,
പിന്നിടുന്നതു വിരസതയുടെ വീര്‍പ്പുമുട്ടലും
ഏകാന്തതയുടെ നീരാളിക്കൈകളും
ഏറെ വേട്ടയാടിയ മറ്റൊരു ദിനം
കൂടിയാണെന്നതറിയുന്നതു ഞാനുമെന്‍റെ
നിഴലും മാത്രം..

നൈരാശ്യത്തിന്‍റെയും ഭാവിപ്രത്യാശകളുടെയും
നൂല്‍പ്പാലത്തിലൂടെ വീല്‍ചെയര്‍ ചക്രങ്ങള്‍
പിന്നെയും പ്രയാണം തുടരവേ,
മഴവില്ലിനായിരം നിറമുണ്ടെന്നും
സ്വര്‍ഗ്ഗമെന്നൊന്നുണ്ടെങ്കില്‍ അതു ഞാന്‍
കാണുന്ന ഈ ലോകമാണെന്നും
ഞാന്‍ വിശ്വസിക്കും,
ഇടറുന്ന കാലടികളില്‍
എനിക്കു താങ്ങാകുന്നവര്‍,
കാല്‍ കുഴയുമ്പോള്‍ എന്‍റെ കാലുകളായി
സ്വയം മാറി എനിക്കായി ഏറെദൂരം
നടന്നുതീര്‍ക്കുന്നവര്‍..
അവര്‍,എന്‍റെ കൂടെയുള്ള കാലം വരേയ്ക്കും...

ജീവിതമെന്നതു ദിവസമെണ്ണി തീര്‍ക്കേണ്ടൊരു
ഏകാന്ത തടവല്ലെന്നും അടര്‍ക്കളത്തില്‍
കുഴഞ്ഞു വീഴും വരേയ്ക്കും അഭംഗുരം
തുടരേണ്ടൊരു പോരാട്ടമെന്നും
തിരിച്ചറിഞ്ഞു ഞാനിപ്പോഴും
പൊരുതുന്നു..,
കാലചക്രത്തിന്‍റെ പ്രയാണമപ്പോഴും തുടരുന്നു.....

<span title=
മിജേഷ് എഴുതിയ കവിത

3 comments:

 1. nalla kavitha mijesh. abhinandhanagal

  ReplyDelete
 2. ഹൃദയത്തില്‍ തോട്ടെഴുതിയ കവിത..! "ഹേ വിധി.. നീ എന്നില്‍ തീര്‍ത്ത നിസഹായതയുടെ മുഖത്ത്, ധീരമായ എന്‍റെ ആത്മാവുകൊണ്ട് ഞാന്‍ കാര്‍ക്കിച്ചു തുപ്പുന്നു"..! എന്ന് പറയുന്നത് പോലെ ധന്യമായ ഒരനുഭവം നല്‍കാന്‍ കവിതയ്ക്ക് കഴിയുന്നു.. അഭിനന്ദനങ്ങള്‍ മിജേഷ്..
  സതിഷ് കൊയിലത്ത്

  ReplyDelete
 3. nanni pravaahiny and sathish bai

  ReplyDelete